Skip to main content
വാർത്തകൾ

സംഘപരിവാർ താൽപര്യങ്ങൾക്ക് തിരിച്ചടി; കാലടി കോടതി വിധിയിൽ പ്രതികരിച്ച് വി. ശിവൻകുട്ടി

v shivankutty

കാലടി സംസ്കൃത സർവകലാശാലയിലെ വിദ്യാർഥികളുടെ സസ്പെൻഷൻ റദ്ദാക്കിയ ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് മന്ത്രി വി. ശിവൻകുട്ടി. വിദ്യാർഥികളുടെ പോരാട്ടം വിജയിച്ചെന്നും അവരോട് മാപ്പ് പറയാൻ ആവശ്യപ്പെട്ട മന്ത്രിയും സർക്കാരും വൈസ് ചാൻസലറും ഇപ്പോൾ മാപ്പ് പറയണമെന്നും അദ്ദേഹം പ്രതികരിച്ചു.

സംഘപരിവാർ താൽപര്യങ്ങൾക്ക് ഒത്താശ ചെയ്യുന്ന സർക്കാരിനും വിസിക്കുമേറ്റ തിരിച്ചടിയാണ് കോടതി വിധിയെന്ന് ശിവൻകുട്ടി പറഞ്ഞു. ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും വിജയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാലടി സംസ്കൃത സർവകലാശാലയിലെ 16 വിദ്യാർഥികളുടെ സസ്പെൻഷനും അന്വേഷണ റിപ്പോർട്ടും റദ്ദാക്കിയാണ് ഹൈക്കോടതി ഉത്തരവിട്ടത്. സർവകലാശാല പുറപ്പെടുവിച്ച നാല് ഉത്തരവുകളും അന്വേഷണ റിപ്പോർട്ടും കോടതി അസാധുവാക്കി.

വിദ്യാർഥികൾക്ക് ഉടൻ ക്ലാസുകളിൽ പ്രവേശിക്കാമെന്നും മുടങ്ങിപ്പോയ പരീക്ഷകൾ എഴുതുന്നതിനായി പ്രത്യേക പരീക്ഷ നടത്തണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.